തിരുവനന്തപുരം: ശബരിമല തീർത്ഥാടന അവലോകനത്തിൽ ഉദ്യോഗസ്ഥരെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. റോഡുകളുടെ നിർമാണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കാത്തതിനാണ് വിമർശനം. തീർത്ഥാടന കാലം എത്താറായിട്ടും മരാമത്ത് പണികൾ പൂർത്തിയാക്കാത്തതിൽ മന്ത്രി അതൃപ്തി വ്യക്തമാക്കി. ഉദ്യോഗസ്ഥർ സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് ജനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.
അലസത കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. എരുമേലിയിൽ റസ്റ്റ് ഹൗസ് പ്രവർത്തനം ഒക്ടോബർ 19 ന് തുടങ്ങുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
ഡോർമെറ്ററി ഓൺലൈൻ ആയി ബുക്ക് ചെയ്യാം. നിലവിൽ ഉള്ള പ്രവൃത്തി സമയ ബന്ധിതമായി പൂർത്തിയാക്കും. ഒക്ടോബർ 19 ന് മുമ്പ് എല്ലാ നിർമ്മാണ പ്രവൃത്തികളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. അല്ലെങ്കിൽ ചുമതലയുള്ള ഉദ്യേഗസ്ഥർ മറുപടി പറയേണ്ടിവരും. ചീഫ് എഞ്ചിനീയർമാർ റോഡുകളിലൂടെ സഞ്ചരിച്ച് കാര്യങ്ങൾ വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ പ്രധാന പാതയായ കൊട്ടാരക്കര – ദിണ്ഡുക്കൽ ദേശീയ പാതയിൽ 27 ഇടങ്ങളിൽ അപകട സാധ്യത കൂടുതലെന്ന് മോട്ടാർ വാഹന വകുപ്പിൻറെ കണ്ടെത്തൽ ഇന്ന് പുറത്ത് വന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ കനത്ത മഴയിൽ തകർന്ന ഭാഗത്താണ് അപകട സാധ്യത കൂടുതൽ. ടാര്‍ വീപ്പയും റിബണും ഉപയോഗിച്ചാണ് ഇവിടങ്ങളിൽ അപകട സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നത്.
ശബരിമല സീസണിൽ കൊട്ടാരക്കര – ദിണ്ടുക്കൽ ദേശീയ പാതയിൽ നിരവധി അപകടങ്ങളാണുണ്ടാകുന്നത്. മുണ്ടക്കയം മുതൽ കുമളി വരെയുള്ള ഭാഗത്താണ് പതിവായി കൂടുതൽ അപകടങ്ങൾ നടക്കാറുള്ളത്. ഇത്തവണ അപകടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിൻറെ റിപ്പോർട്ടിലുള്ളത്.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പ്രധാനമായി ഉപയോഗിക്കുന്ന 19 റോഡുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മണ്ഡലകാലത്തിന് മാസങ്ങള്‍ ഉണ്ടെങ്കിലും നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്താനാണ് തീരുമാനം. ലക്ഷകണക്കിന് തീര്‍ഥാടകര്‍ വരുന്ന സാഹചര്യത്തില്‍ റോഡുകളുടെ പൊതുസ്ഥിതി വിലയിരുത്താനാണ് ഇന്ന് യോഗം ചേര്‍ന്നതെന്നും മന്ത്രി പറഞ്ഞു.