ജയ്‍പൂര്‍: രാജസ്ഥാനിൽ നിയമസഭാകക്ഷിയോഗം ഇന്ന് ചേരാനിരിക്കെ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ ഗെലോട്ട് പക്ഷം. 2 വർഷം മുൻപ് ബിജെപിക്ക് ഒപ്പം ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ സച്ചിന്‍ പൈലറ്റ് ശ്രമിച്ചത് മറന്നിട്ടില്ലെന്ന് നേതാക്കൾ യോഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാടെങ്കിലും സച്ചിന് പൈലറ്റിന് അനുകൂല സാഹചര്യം രാജസ്ഥാനിലുണ്ടെന്ന വിലയിരുത്തലിലാണ് അടിയന്തരമായി നിയമസഭാ കക്ഷി യോഗം വിളിച്ച് ചേര്‍ക്കുന്നത്.
അതേസമയം, സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ. ഹൈക്കമാൻഡ് പിന്തുണ സച്ചിൻ പൈലറ്റിനാണ്. സച്ചിനെ മുഖ്യമന്ത്രിയാക്കരുതെന്ന നിലപാടിലാണ് അശോക് ഗെഹ്ലോട്ട്. തന്റെ വിശ്വസ്തനായ സി.പി ജോഷി അടക്കമുള്ളവരുടെ പേരാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
എന്നാൽ, ഇത് ഹൈക്കമാൻഡ് പരിഗണിച്ചിട്ടില്ലെന്നാണ് വിവരം. അതിനിടെ അശോക് ഗെഹ്ലോട്ടുമായി ബന്ധമുള്ള എംഎൽഎമാരുമായി സച്ചിൻ ഇന്ന് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.