ബെയ്ജിംഗ്: ചൈനയിൽ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറി നടന്നുവെന്ന് റിപ്പോർട്ടുകൾ. പ്രസിഡന്റ് ഷി ചിൻ പിംഗിനെ അധികാരത്തിൽ നിന്നും മാറ്റി വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. #ChinaCoup എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകള്‍ ഇതിനോടകംതന്നെ ട്വിറ്ററില്‍ നിറഞ്ഞിട്ടുണ്ട്. എന്നാൽ വാർത്തയ്ക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഷിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ഇടഞ്ഞുവെന്നും തുടർന്ന് പ്രസിഡന്റിനെ പീപ്പിൾ ലിബറേഷൻ ആർമി വീട്ടു തടങ്കലിലാക്കി എന്നുമുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്.
തലസ്ഥാനമായ ബീജീങ് സൈന്യത്തിന്റെ അധീനതയിലാണെന്നാണ് അഭ്യൂഹങ്ങള്‍. ചൈനയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായും പ്രധാന നഗരങ്ങളില്‍ സൈനിക വാഹനങ്ങള്‍ നിറഞ്ഞിരിക്കുന്നതായും ട്വിറ്ററില്‍ പ്രചാരണമുണ്ട്. ബീജിങ്ങിലേക്ക് നീങ്ങുന്ന സൈനിക വാഹനങ്ങള്‍ എന്ന നിലയില്‍ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത എത്രമാത്രം ശരിയാണെന്ന് വ്യക്തമല്ല.
അതേസമയം, ചൈനയിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ഈ പ്രചാരണം ഏറെ വരുന്നത് എന്നതും ശ്രദ്ധേയമാണ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ ലി ഖ്വാമിങ് ആണ് സൈനിക നീക്കത്തിന് പിന്നിലെന്നും ട്വിറ്ററില്‍ പ്രചാരണം നടക്കുന്നു.