രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായ കരമന അഷ്‌റഫ് മൗലവി അടക്കമുള്ള 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി ഏഴു ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.കേരളത്തിലെ പ്രമുഖരെ അടക്കം കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്നും, ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎയുടെ ആവശ്യം . അറസ്റ്റിലായവരെ രാവിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കോടതി വളപ്പില്‍ വെച്ച് ഇവര്‍ എന്‍ഐഎക്കും ആര്‍എസ്എസിനും എതിരെ മുദ്രാവാക്യം വിളിച്ചു. കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചതിന് പ്രതികളെ കോടതി താക്കീത് ചെയ്തു.
വിലങ്ങണിയിച്ച് കൊണ്ടുവന്നത് പ്രതികള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പൊലീസിനെയും ജഡ്ജി വിമര്‍ശിച്ചു. വിലങ്ങുവെച്ചു കൊണ്ടുവരാന്‍ മതിയായ കാരണം വേണമെന്ന് പൊലീസിനോട് കോടതി പറഞ്ഞു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പ്രതികൾ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചു. വിവിധ മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച്, സമൂഹത്തിൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കാൻ ഗൂഢാലോചന നടത്തി. ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് അടക്കം തയ്യാറാക്കിയിരുന്നതായും എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.