ഉത്തരാഖണ്ഡില്‍ കാണാതായ 19 കാരിയായ റിസപ്ഷനിസ്റ്റിന്റെ മൃതദേഹം കണ്ടെത്തി. സ്വകാര്യ റിസോര്‍ട്ടിന്റെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത് . കേസില്‍ അറസ്റ്റിലായ ബിജെപി നേതാവിന്റെ മകന്‍ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്. തര്‍ക്കത്തെത്തുടര്‍ന്ന് റിസോര്‍ട്ടിന് സമീപമുള്ള തോട്ടിലേക്ക് യുവതിയെ തള്ളിയിട്ടതായും ഇവര്‍ മുങ്ങിമരിച്ചെന്നും പ്രതികള്‍ സമ്മതിച്ചു.
കേസില്‍ അറസ്റ്റിലായ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.കൊലപാതകത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ മൃതദേഹം തിരയാന്‍ സംസ്ഥാന ദുരന്ത നിവാരണ സേനയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പ്രതിഷേധം ഉയർന്നതോടെ പ്രതിയുടെ റിസോര്‍ട്ട് പൊളിച്ചു നീക്കി.
ഹരിദ്വാറില്‍ നിന്നുള്ള ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനാണ് പുല്‍കിത് ആര്യ. സെപ്റ്റംബര്‍ 18നാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നാലെ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും സംഭവത്തിന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചിട്ടുണ്ട്.