ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കെതിരായ ‘പേസിഎം’ കാന്പയ്നുമായി ബന്ധപ്പെട്ട് ഡി.കെ ശിവകുമാർ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടക കോൺഗ്രസ് അധ്യക്ഷനെ കൂടാതെ ബി.കെ ഹരിപ്രസാദ്, പ്രിയങ്ക് ഖഡ്ഗെ, രൺദീപ് സിംഗ് സുർജേവാല തുടങ്ങിയ നേതാക്കളും പോലീസ് കസ്റ്റഡിയിലായി.
ഭരണകക്ഷിയായ ബിജെപി നേതാക്കൾ കെട്ടിട നിർമാതാക്കൾ, കരാറുകാർ തുടങ്ങിയവരിൽനിന്നും 40 ശതമാനം കമ്മീഷൻ പറ്റുന്നതായുള്ള ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു കോൺഗ്രസിന്റെ ‘പേസിഎം’ കാന്പയ്ൻ. ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ പേടിഎം ലോഗോയുടെ മാതൃകയിൽ ക്യൂആർ കോഡിനു നടുവിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മുഖം അച്ചടിച്ചായിരുന്നു കോൺഗ്രസിന്റെ പ്രചാരണം.
‘പേസിഎം’ പോസ്റ്ററുകൾ നഗരത്തിൽ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ‘40% കമ്മീഷൻ ഇവിടെ സ്വീകരിക്കും’ എന്ന പരസ്യ വാചകത്തോടെയാണ് പോസ്റ്റർ.
സര്‍ക്കാര്‍ ജോലിക്കും ബിജെപി സര്‍ക്കാര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. കെട്ടിട നിർമ്മാതാക്കളോടും കോൺട്രാക്ടർമാരോടുമെല്ലാം സർക്കാർ കൈക്കൂലി വാങ്ങുന്നെന്നാണ് കോൺഗ്രസ് പറയുന്നത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ആരോപണങ്ങൾ വലിയ ചർച്ചയാകുകയാണ്. എന്നാൽ, അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്നും അഴിമതി നടത്തിയെന്നതിന് തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ പ്രതികരണം. തനിക്കെതിരെ തെരുവുകളിൽ പതിച്ചത് തിന്മയുടെ പോസ്റ്ററാണെന്നും ബൊമ്മ പ്രതികരിച്ചിരുന്നു.