കൊച്ചി: പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. അക്രമസംഭവങ്ങളില്‍ 11 പേര്‍ക്കും പരുക്കേറ്റു. സൗത്ത് സോണിലെ മൂന്ന് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും സെന്‍ട്രല്‍ സോണില്‍ മൂന്നു ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കും നോര്‍ത്ത് സോണില്‍ രണ്ട് ഡ്രൈവര്‍മാക്കുമാണ് പരുക്കേറ്റത്.
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനു തൊട്ടുമുൻപ് കോടതിയിലുണ്ടായിരുന്ന അഡ്വക്കറ്റ് ജനറൽ (എജി) ആണ് സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾക്കെതിരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ശ്രദ്ധയിൽപെടുത്തിയത്.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിനോടനുബന്ധിച്ച് ആകെ 157 കേസുകളും 170 അറസ്റ്റും രേഖപ്പെടുത്തി. 368 പേരെ കരുതൽ തടങ്കലിൽവെച്ചു. കണ്ണൂർ സിറ്റിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 28 കേസുകളാണ് കണ്ണൂർ സിറ്റിയിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിൽ വെച്ചത്. 118 പേരെയാണ് തടങ്കലിൽവെച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപുലർ ഫ്രണ്ട് ദേശീയ നേതാക്കള ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്. രാവിലെ 11 മണിക്കാണ് എൻഐഎ ഡയറക്ടർ ജനറൽ ധിൻങ്കർ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യൽ ആരംഭിച്ചത്. കേരളത്തിൽ നിന്ന് ഇന്നലെ എത്തിച്ചവരും ഇവരിൽ ഉൾപ്പെടും. നാല് ദിവസമാണ് ചോദ്യംചെയ്യാനായി ഡൽഹി പട്ട്യാല ഹൗസ് കോടതി അനുവദിച്ചിരിക്കുന്നത്.