25 കോടിയുടെ ഓണം ബംപർ അടിച്ച അനൂപിന് കടം ചോദിക്കാൻ എത്തുന്നവരെ കൊണ്ട് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് തന്റെ ദുരവസ്ഥ വിവരിച്ച് അനൂപ് രംഗത്തെത്തിയത്.
‘ബംപർ അടിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു എനിക്ക്. സന്തോഷം എന്നു പറഞ്ഞാൽ പിടിച്ചുനിൽക്കാൻ പറ്റാത്ത സന്തോഷം. ഇപ്പം ഓരോ ദിവസം കഴിയും തോറും എന്റെ അവസ്ഥ മാറി മാറി വരികയാണ്. എനിക്ക് ഇപ്പോൾ വെളിയിലേക്ക് ഇറങ്ങാൻ പറ്റുന്നില്ല. ഒരിടത്തേക്ക് പോകാൻ പറ്റുന്നില്ല. ചേച്ചിയുടെ വീട്ടിലടക്കം പലയിടത്തും മാറി മാറിയാണ് നിൽക്കുന്നത്. ഓരോ വീടും കണ്ടുപിടിച്ചാണ് ആളുകൾ വരുന്നത്.’ ‘രാവിലെ മുതൽ സഹായം ചോദിച്ച് തുടങ്ങുകയാണ്. എന്തെങ്കിലും താ മോനെ, എടുത്തു താ മോനെ എന്നൊക്കെ പറഞ്ഞാണ് വരുന്നത്. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതാണ്. എനിക്ക് പൈസ ഇതുവരെ കിട്ടിയിട്ടില്ല. കാഷ് ഇതുവരെ കിട്ടിയിട്ടില്ല. ഞാൻ എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല.’
‘ചാനലിൽ വന്നപ്പോൾ എനിക്ക് അറിയില്ലായിരുന്നു ഇത്രത്തോളം ഇതാവുമെന്ന്. എല്ലാവരും എന്നെ കണ്ടുകണ്ട് ഒരിടത്തും പോകാൻ പറ്റാത്ത അവസ്ഥയാണ്. കൊച്ചിന് ഒട്ടും വയ്യാതെ നിൽക്കുകയാണ്. അവനെ ഹോസ്പിറ്റലിൽ പോലും കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.’ ‘ഇപ്പോൾ ഇക്കാര്യം പറയുന്ന സമയത്ത് പോലും വീടിന്റെ ഗെയ്റ്റിൽ ആൾക്കാർ തട്ടിക്കൊണ്ടിരിക്കുകയാണ്. എത്ര പറഞ്ഞിട്ടും മനസിലാക്കുന്നില്ല. നിങ്ങൾ എല്ലാവരും മനസിലാക്കണം എനിക്ക് പൈസ കിട്ടിയിട്ടില്ല’എന്നും അനൂപ് പറഞ്ഞു.