മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസിലെ ജാമ്യാപേക്ഷ ലഖ്നോ ജില്ല കോടതി ഇന്ന് പരിഗണിക്കും. യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ കാപ്പന് ജയിൽ മോചിതനാകാൻ സാധിച്ചിരുന്നില്ല.
ഇ.ഡി കേസ് കഴിഞ്ഞ 19ന് കോടതി പരിഗണിച്ചപ്പോൾ ഡൽഹിയിൽനിന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ രാജു എത്തേണ്ടതുണ്ടെന്ന് ഇ.ഡി മറുപടി നൽകുകയായിരുന്നു. ഏറ്റവും അടുത്ത ദിവസം തന്നെ പരിഗണിക്കണമെന്നും കേസ് അവസാനിപ്പിക്കണമെന്നും സിദ്ദീഖിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി വെള്ളിയാഴ്ചയിലേക്ക് കേസ് മാറ്റുകയായിരുന്നു.