കൊച്ചി: സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തെന്ന് എൻ ഐ എ. പ്രതികൾ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തു, ദേശവിരുദ്ധ പ്രവർത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തിൽ പങ്കാളികളായെന്ന് എൻ ഐ എ കോടതിയെ അറിയിച്ചു.
കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പോപ്പുലർ ഫ്രണ്ടിനെതിരായ അതീവ ഗുരുതര ആരോപണം എൻഐഎ ഉന്നയിച്ചിരിക്കുന്നത്. തീവ്രവാദ സംഘടനകളായ ഐഎസ്, അൽ ക്വയ്ദ, തുടങ്ങിയ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന രീതിയിൽ പിഎഫ്ഐ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാന ആരോപണം.
അബ്ദുൽ സത്താർ, സിഎ റഊഫ് എന്നീ രണ്ടുപ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവർ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, സർക്കാർ നയങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് ഒരു പ്രത്യേക വിഭാഗത്തിനിടെ സർക്കാർ വിരുദ്ധ വികാരം സൃഷ്ടിച്ചുവെന്നും എൻഐഎ പറയുന്നു.
എന്നാൽ കുറ്റാരോപണം പി എഫ് ഐ ഭാരവാഹികൾ തള്ളി. പ്രതികളെ കൊച്ചി എൻ ഐ എ കോടതി അടുത്ത് 20 വരെ റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റി.
ഇന്നത്തെ റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തണം. ഡിജിറ്റൽ തെളിവുകൾ പരിശോധനക്ക് വിധേയമാക്കണം. വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും അതിനാൽ പ്രതികളെ റിമാൻഡിൽ വിടണമെന്നും എൻഐഎ ആവശ്യപ്പെട്ടു. പത്ത് പ്രതികളെ റിമാൻഡ് ചെയ്യാനാണ് എൻഐഎ ഇന്ന് റിപ്പോർട്ട് നൽകിയത്.
പി എഫ് ഐ ദേശീയ ഭാരവാഹി കരമന അഷ്റഫ് മൊലവി അടക്കം 11 പേരാണ് അറസ്റ്റിലായത്. നാല് ദിവസം മുന്‍പ് തുടങ്ങിയ തയ്യാറെടുപ്പിനൊടുവിലാണ് എന്‍ ഐ എ സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയത്. ഇന്നലെ രാത്രിയോടെ ആരംഭിച്ച പരിശോധന ഇന്ന് രാവിലെ വരെ നീണ്ടു. കൊല്ലം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, വയനാട് പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും റെയ്ഡ്. ദില്ലിയില്‍ നിന്നെത്തിയ സംഘത്തിനൊപ്പം കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരായിരുന്നു റെയ്‍ഡിന് നേതൃത്വം കൊടുത്തത്.