കോഴിക്കോട്: കോഴിക്കോട് എൻഐടി ഡയറക്ടർ പ്രസാദ് കൃഷ്ണ അവധിയിൽ പ്രവേശിക്കുന്നു. കോഴിക്കോട് എൻഐടിയിലെ പൂർവ വിദ്യാർഥിയുടെ ആത്മഹത്യയ്ക്കു പിന്നാലെയാണ് ഡയറക്ടർ അവധിയെടുക്കുന്നത്. വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പിൽ ഡയറക്ടർക്കെതിരെ പരാമർശം ഉണ്ടായിരുന്നു. ഡയറക്ടർ അവധിയിൽ പ്രവേശിക്കുമ്പോൾ പ്രഫസർ പി.എസ്.സതീദേവിക്കാണ് പകരം ചുമതല.
കോഴിക്കോട് എൻഐടിയിലെ പൂർവ വിദ്യാർഥിയും പഞ്ചാബ് ഫഗ്വാരയിലെ ലവ്‌ലി പ്രഫഷനൽ യൂണിവേഴ്സിറ്റിയിലെ (എൽപിയു) വിദ്യാർഥിയുമായ ആഗിൻ എസ്.ദിലീപിനെ (ബാലു – 22) ചൊവ്വാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എൽപിയുവിൽ ബാച്‌ലർ ഓഫ് ഡിസൈൻ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇവിടെ പ്രവേശനം നേടിയത്.
ചേർത്തല പള്ളുരുത്തി സ്വദേശി ദിലീപിന്‍റെ മകനാണ് 21 വയസുകാരനായ അഗിന്‍. മൃതദേഹത്തിന് സമീപം കണ്ടെത്തിയ കുറിപ്പിലാണ് പ്രൊഫ പ്രസാദ് കൃഷ്ണ എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ മാനസികമായി സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിക്കുന്നത്. നേരത്തെ കോഴിക്കോട് എന്‍ഐടിയിലെ ബിടെക് വിദ്യാർത്ഥിയായിരുന്നു അഗിന്‍.
2018ല്‍ കോഴിക്കോട് എൻഐടിയിൽ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിന് പ്രവേശനം നേടിയ ആഗിൻ, പഠനം പാതിയിൽ ഉപേക്ഷിച്ചാണു എൽപിയുവിൽ ചേർന്നത്. എൻഐടിയിൽ ഒന്നാം വർഷത്തിന്റെ അവസാനം ആവശ്യമായ 24 ക്രെഡിറ്റുകൾ നേടാൻ ആഗിന് കഴിഞ്ഞില്ല. കോഴ്സ് നാലാം വർഷത്തിലെത്തിയിട്ടും ഒന്നാം വർഷത്തിൽ ആവശ്യമായ ക്രെഡിറ്റ് നേടാൻ കഴിയാതെ വന്നതോടെ ചട്ടപ്രകാരം വിദ്യാർഥിക്ക് കോഴ്സിൽ തുടരാനുള്ള അർഹത ഇല്ലാതാവുകയായിരുന്നു എന്നാണ് കോഴിക്കോട് എൻഐടി അധികൃതരുടെ ഭാഷ്യം.
മരണവിവരം അറിഞ്ഞതിന് പിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ജലന്ധറിലെ സര്‍വകലാശാല ക്യാംപസിനകത്ത് പ്രതിഷേധിച്ചിരുന്നു. പത്ത് ദിവസത്തനിടെ രണ്ടാമത്തെ മരണമാണെന്നും, സംഭവം മറച്ചുവയ്ക്കാന്‍ സർവകലാശാല അധികൃതർ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. രാത്രി സർവ്വകലാശാലയിലെത്തിയ പഞ്ചാബ് പൊലീസ് ലാത്തിചാർജ് നടത്തിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അഗിന്‍റെ ബന്ധുക്കൾ ജലന്ധറിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടു നല്‍കും. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പഞ്ചാബ് പൊലീസ് കേസെടുത്തു. അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബിലെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. കേസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ലവ്ലി പ്രൊഫഷണല്‍ സർവകലാശാല അധികൃതരും അറിയിച്ചു.