തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നാളെ 11 മണിക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കണം. പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷയും ജാമ്യ അപേക്ഷയും നാളെ 12 മണിക്ക് കോടതിയിൽ ഹാജരാക്കും.
ജിതിനെതിരെ സ്‌ഫോടക വസ്തു നിരോധന നിയമമുൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 120B, 436,427 IPC, Explosive substance Act section 3(a), 5(a) എന്നീ വകുപ്പുകളാണ് ജിതിനെതിരെ ചുമത്തിയിരിക്കുന്നത്. മജിസ്‌ട്രേട്ടിന് മുമ്പിൽ കുറ്റം നിഷേധിച്ച പ്രതി ജിതിൻ പൊലീസ് മർദിച്ചിട്ടില്ലെന്നു വ്യക്തമാക്കി.
അതേസമയം, ജിതിൻ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ജിതിന്റെ ഒപ്പം ആക്രമണത്തിൽ പങ്കെടുത്തവരുടെ വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലായേക്കും.
എ കെ ജി സെന്റർ ആക്രമണക്കേസിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം പൂർണമായും നിഷേധിക്കുകയാണ് ജിതിൻ. ജിതിന്‍ കുറ്റം സമ്മതിച്ചു എന്ന് ക്രൈംബ്രാഞ്ച് പറയുന്നത് അംസംബന്ധമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നു. തീ കൊള്ളികൊണ്ട് സര്‍ക്കാര്‍ തല ചൊറിയരുതെന്നും തലപൊള്ളുമെന്നും സുധാകരന്‍ വ്യക്തമാക്കി.
എകെജി സെന്റര്‍ ആക്രമിച്ച പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വിട്ടയച്ചില്ലെങ്കില്‍ നാളെ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നൽകി. നിയമം കൈയിലെടുക്കാന്‍ പോലും മടിക്കില്ലെന്നും ഭരണകക്ഷി അപകടകരമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലായ ജിതിൻ മണ്‍വിള സ്വദേശിയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.
അഞ്ചു സംഘമായി തിരിഞ്ഞ് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ജിതിൻ പിടിയിലായത്. വാഹനം, ഫോൺ രേഖകൾ, സി സി ടിവി, വിവിധ സംഘടനകളിലെ പ്രശ്‌നക്കാരായ ആളുകൾ, ബോംബ് നിർമാണം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ആദ്യം അന്വേഷണം നടന്നിരുന്നത്. തുടർന്ന് പ്രതി ധരിച്ചിരുന്ന കറുത്ത ടീഷർട്ടിലും ഷൂസിലും അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു. ഇതോടെ ടീഷർട്ട് 2022 മെയ് മാസത്തിൽ പുറത്തിറക്കിയതാണെന്ന് കണ്ടെത്തി. തുടർന്ന് ജൂലൈ ഒന്നു വരെ ഈ ടീഷർട്ട് വാങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇതിൽനിന്ന് പ്രതി കൃത്യനിർവഹണത്തിന് ഏതാനും ദിവസം മുമ്പ് നഗരത്തിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നും ഇത്തരം ടീഷർട്ട് വാങ്ങിയിട്ടുള്ളതായി കണ്ടെത്തി. കൃത്യം ചെയ്ത ദിവസം പ്രതി ഉപയോഗിച്ച ഫോൺ വിറ്റതായും പൊലീസ് കണ്ടെത്തി.
ആക്രമണ സമയത്തെ ദൃശ്യങ്ങളിലെ കെ.എസ്. ഇ.ബി ബോർഡ് വെച്ച് ഓടിയ കാർ ജിതിന്റെ കാറാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഈ ദൃശ്യങ്ങളിൽ കണ്ട ടീഷർട്ടും ഷൂസും ജിതിന്റെതാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതും തെളിവായി സ്വീകരിച്ചു. ജിതിൻ ധരിച്ച ടീഷർട്ടും ഷൂവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സ്‌കൂട്ടറിലെത്തി എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞത് ജിതിനാണെന്നും തെളിഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പടക്കെമറിയാൻ സ്‌കൂട്ടറിലാണ് ജിതിനെത്തിയതെങ്കിലും പിന്നീട് ജിതിൻ കാറിലാണ് തിരിച്ചുപോയതെന്നും അന്വേഷണസംഘം കണ്ടെത്തി. ആക്രമണ സമയത്ത് ധരിച്ച അതേ ടീഷർട്ടും ഷൂസുമിട്ടുള്ള വീഡിയോയും ജിതിന്റെ ഫേസ്ബുക്ക് പേജിലുമുണ്ടായിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.