ദുബൈ പൊലീസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ നിയന്ത്രിക്കാന്‍ വനിതകളും. ആറു മാസത്തെ ഇന്റഗ്രേറ്റഡ് പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ വനിതാ സേനാംഗങ്ങള്‍ ചുമതലയേറ്റു. ഇതാദ്യമായാണ് ദുബൈ പൊലീസിന്റെ കണ്‍ട്രോള്‍ ആന്‍ഡ് കമാന്‍ഡ് സെന്ററില്‍ വനിതകളെ നിയമിക്കുന്നത്.
ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓപ്പറേഷന്‍സിലേക്കാണ് വനിതാ ലഫ്റ്റനന്റുമാരായ മീരാ മുഹമ്മദ് മദനി, സമര്‍ അബ്ദുല്‍ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അല്‍ അബ്ദുല്ല, ബാഖിത ഖലീഫ അല്‍ ഗഫ്‌ലി എന്നിവരെ തെരഞ്ഞെടുത്തത്.24 പ്രത്യേക കോഴ്‌സുകളും പ്രായോഗിക പരിശീലനവും നേടിയ ശേഷമാണ് ഇവര്‍ ഈ വിഭാഗത്തിലെത്തിയത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രചോദനം നല്‍കുകയാണ് ഇത്തരം നടപടികളുടെ ലക്ഷ്യം.