സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും കേന്ദ്ര സേനയുടെ അകമ്പടിയോടെ എൻഐഎ റൈഡ്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന നടത്തുന്നത്. പത്ത് സംസ്ഥാനങ്ങളിൽ പരിശോധന നടക്കുകയാണെന്നും തീവ്രവാദ ബന്ധം സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധനയെന്നുമാണ് എൻഐഎ വിശദീകരണം.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കം നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് റെയ്ഡ് തുടങ്ങിയത്. കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന. പോപ്പുലർ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡണ്ട് ഇ എം അബ്ദുൾ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ലാ പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പാലക്കാട് സംസ്ഥാന സമിതിയംഗം റൗഫിൻ്റെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.പലയിടത്തും പ്രവർത്തകരുടെ പ്രതിഷേധമുണ്ട്. തിരുവനന്തപുരത്തെ പോപുലർ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി.