കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വര്‍ണ വേട്ട. വിമാനത്താവളത്തിൽനിന്ന് പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ 4.227 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു. വ്യത്യസ്ത സംഭവങ്ങളിലായി 5 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ രണ്ട് ദമ്പതിമാരും ഒരു മലേഷ്യൻ പൗരയായ ഇന്ത്യൻ വംശജ്ഞയും ഉൾപ്പെടുന്നു.
ദുബായിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിയ ദമ്പതികളെ 1,205 ഗ്രാം സ്വര്‍ണവുമായാണു പിടികൂടിയത്. തൃശൂർ സ്വദേശി ഷാഹുല്‍ ഹമീദ്, ഭാര്യ ഷബ്ന ഷാഹുല്‍ എന്നിവരാണു പിടിയിലായത്. ഇവർക്കൊപ്പം രണ്ട് കുട്ടികളുമുണ്ടായിരുന്നു.
ക്വാലലംപൂരില്‍നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ തീര്‍ത്ഥ മലൈ തിരുപ്പിറന്തഗം, ഭാര്യ വെണ്ണില ചിന്നത്തമ്പി, ഇവരുടെ സുഹൃത്തും മലേഷ്യന്‍ പൗരത്വവുമുള്ള സരസ്വതി കൃഷ്ണസാമി എന്നിവരില്‍നിന്ന് 1238.840 ഗ്രാം സ്വര്‍ണം പിടികൂടി.
ഇതുകൂടാതെ മസ്ക്കറ്റില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ സീറ്റിനടിയില്‍ പേസ്റ്റ് രൂപത്തിലാക്കിയ 1784.30 ഗ്രാം സ്വർണത്തിന്റെ പാക്കറ്റുകളും കണ്ടെത്തി. ഇതിൽ വിശദമായ അന്വേഷണം കസ്റ്റംസ് നടത്തിവരികയാണ്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.90 കോടി രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.