തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണമന്ത്രി മന്ത്രി എംബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ഗവർണർ അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെ തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി വി.പി. ജോയി എന്നിവര്‍ രാജ്ഭവനില്‍ നേരിട്ടെത്തിയാണ് പരിപാടിയിലേക്ക് ഗവര്‍ണറെ ക്ഷണിച്ചത്. ക്ഷണം നിരസിച്ച ഗവര്‍ണര്‍, സര്‍ക്കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണിക്കാത്തതിലുള്ള അതൃപ്തിയും അറിയിച്ചു.
ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ ഒന്നുവരെ കേരളത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ പരിപാടിയുടെ നവംബര്‍ ഒന്നിന് നടക്കുന്ന സമാപന പരിപാടിയിലേക്ക് ക്ഷണിക്കാനാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തിയത്. എന്നാല്‍ ക്ഷണം ഗവര്‍ണര്‍ നിരസിച്ചു. തനിക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളീയരുടെ വൈകാരിക ഉത്സവമായ ഓണാഘോഷ പരിപാടിയിലേക്ക് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തരം ഒരു ക്ഷണം ഉണ്ടായില്ല. മാത്രമല്ല, ഗവര്‍ണര്‍ക്ക് ആ ദിവസം അസൗകര്യമാണെന്നും അട്ടപ്പാടിയിലെ ഒരു പരിപാടിയില്‍ ആണെന്നുമുള്ള വിധത്തില്‍ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി വിവരങ്ങള്‍ പുറത്തുവിട്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. തന്നെ ബോധപൂര്‍വം ഈ പരിപാടിയില്‍നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു എന്ന് കരുതുന്നതായും അതിനാല്‍ സര്‍ക്കാരിന്റെ ഈ ക്ഷണം നിരസിക്കുന്നതായും ഗവര്‍ണര്‍ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചത്.
സർക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവർണറെ ഇനി ആ രീതിയിൽ തന്നെ നേരിടാനാണ് ഇടത് നീക്കം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനം വിളിച്ച് ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാജ്ഭവൻ വാർത്ത സമ്മേളനം രാജ്യത്ത് അസാധാരണമാണെന്ന് ഓർമ്മിപ്പിച്ച പിണറായി, സർക്കാർ-ഗവർണർ ആശയ വിനിമയത്തിന് നിയത മാർഗമുണ്ടെന്നും വിയോജിപ്പുണ്ടെങ്കിൽ സർക്കാരിനെ നേരിട്ട് അറിയിക്കാമായിരുന്നുവെന്നും തുറന്നടിച്ചു. ഗവർണർ പരസ്യ നിലപാട് എടുത്തത് ശരിയായ രീതിയല്ല. മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നാണ് ഭരണഘടന പറയുന്നതെന്നും ഷംസെർ സിംഗ് കേസിലെ സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് മുഖ്യമന്ത്രി തുറന്നടിച്ചു.