തുടർച്ചയായി സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നതിനെ തുടർന്ന് സ്‌പൈസ് ജെറ്റിന്റെ 50 ശതമാനം ഫ്‌ളൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിരുന്നു. ഈ നിയന്ത്രണം ഒക്ടോബർ 29 വരെ തുടരുമെന്ന് ഡിജിസിഎ അറിയിച്ചു. എട്ട് ആഴ്ചത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തി ജൂലൈ 27നാണ് ഉത്തരവിറക്കിയത്.
2022 ജൂലൈ 27ന് ഏർപ്പെടുത്തിയ സ്പൈസ്ജെറ്റ് വിമാന പ്രവർത്തനങ്ങളുടെ നിയന്ത്രണം 2022 ഒക്ടോബർ 29 വരെ തുടരാൻ ഡിജിസിഎ ഉത്തരവിടുന്നുവെന്ന് ഡിജിസിഎയുടെ ഉത്തരവിൽ പറയുന്നു. ഈ കാലയളവിൽ സ്‌പൈസ് ജെറ്റ് വിമാനങ്ങൾ ഡിജിസിഎയുടെ നിരീക്ഷണത്തിൽ തുടരും. വിലക്ക് പിൻവലിക്കണമെങ്കിൽ അധിക ഭാരം വഹിക്കാനുള്ള ശേഷി വിമാനത്തിനുണ്ടെന്ന് സ്പൈസ് ജെറ്റ് തെളിയിക്കണം. സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യാനും പാടില്ല. ഡൽഹി-ദുബായ് വിമാനം തകരാർ കാരണം പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടത് ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ കാരണമാണ് വിലക്ക്.
കൂടാതെ ഡിജിസിഎ അധികൃതർ സ്പൈസ് ജെറ്റ് വിമാനത്തിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ തകരാറുകൾ ഒന്നും കണ്ടെത്തിയിരുന്നില്ല. ജൂലൈ ഒൻപത് മുതൽ 13 വരെ സ്പൈസ് ജെറ്റിന്റെ 48 വിമാനങ്ങളിലാണ് പരിശോധ നടത്തിയത്.