പിഎം കെയർ ഫണ്ടിന്റെ ട്രസ്റ്റിയായി ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റയെ തിരഞ്ഞെടുത്തു.രത്തൻ ടാറ്റയ്ക്ക് പുറമെ മുൻ സുപ്രീം കോടതി ജഡ്ജി കെ.ടി തോമസ്, മുൻ ലോകസഭ സ്പീക്കർ കരിയ മുണ്ഡ എന്നിവരേയും തിരഞ്ഞെടുത്തിട്ടുണ്ട്.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് പിഎം കെയേഴ്‌സ് ഫണ്ടിന്റെ മറ്റ് ട്രസ്റ്റികൾ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ആളുകളെ തിരഞ്ഞെടുത്തത്. പുതുതായി നിയമിതരായ ട്രസ്റ്റികളുടേയും ഉപദേശകരുടേയും കൂട്ടായ പരിശ്രമം പിഎം കെയർ ഫണ്ടിന്റെ പ്രവർത്തനത്തിന് കൂടുതൽ വളർച്ച കൈവരിക്കാൻ സഹായിക്കുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. പുതിയ ട്രസ്റ്റിമാരുടെയും ഉപദേഷ്ടാക്കളുടെയും പങ്കാളിത്തം പിഎം കെയേഴ്‌സ് ഫണ്ടിന്റെ പ്രവർത്തനത്തിന് വിശാലമായ കാഴ്ചപ്പാടുകൾ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇവരെ കൂടാതെ ട്രസ്റ്റിന്റെ ഉപദേശക സമിതിയിലേക്ക് മുൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജീവ് മെഹ്റിഷി, മുൻ ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ സുധാ മൂർത്തി, ടീച്ച് ഫോർ ഇന്ത്യ സഹസ്ഥാപകൻ ആനന്ദ് ഷാ എന്നിവരെയും നിയമിച്ചു.