ഭാരത് ജോഡോ യാത്രയുടെ സംഘടനാ ചുമതല ഉള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി . ഇതേ തുടർന്ന് കെ സി വേണുഗോപാൽ രാവിലെ ദില്ലിക്ക് പോയി. രാഹുൽ ഗാന്ധി വെള്ളിയാഴ്ച ദില്ലിക്ക് പോയേക്കും.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചകൾ മുറുകുന്നതിനിടെയാണ് സോണിയഗാന്ധിയുടെ നീക്കം . രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷൻ ആകണമെന്ന ആവശ്യം കൂടുതൽ പി സി സികൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഭൂരിപക്ഷം നേതാക്കളുടേയും ആവശ്യവും ഇതാണ്.ശശി തരൂരും അശോക് ഗെലോട്ടും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി .
ജി 23 നേതാക്കളുടെ ഭാഗത്ത് നിന്നാണ് തരൂരിനെ മത്സരിപ്പിക്കാൻ നീക്കം ഉണ്ടായത് . ഇതിന്റെ ഭാഗമായി ശശി തരൂർ ഇന്നലെ സോണിയ ഗാന്ധിയെ കണ്ടിരുന്നു . മത്സരം നടക്കുന്നതിൽ എതിർപ്പില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇന്ന് കോൺഗ്രസ് വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കുന്നുണ്ട് .