യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ സഭകള്‍ക്ക് നാളെ തുടക്കമാകും. ജനകീയ ഇടപെടലിലൂടെ ബദല്‍ സൃഷ്ടിക്കുന്ന മറ്റൊരു കേരള മാതൃകയ്ക്കാണ് തുടക്കമാകുന്നത്. തൊഴില്‍ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ സ്വന്തം വാര്‍ഡിലെ തൊഴില്‍സഭയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പിണറായി ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്‍ററില്‍ രാവിലെ 10 മണിക്കാണ് പരിപാടി. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. എംപിമാരായ കെ സുധാകരൻ, വി ശിവദാസൻ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ആമുഖ പ്രസംഗം നടത്തും.
ജില്ലാ പഞ്ചായത്ത് ചേമ്പര്‍ അധ്യക്ഷ കെ ജി രാജേശ്വരി, മേയേഴ്സ് കൗൺസില്‍ പ്രസിഡന്‍റ് എം അനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറല്‍ സെക്രട്ടറി കെ സുരേഷ്, ചേമ്പര്‍ ഓഫ് മുൻസിപ്പല്‍ ചെയര്‍മെൻ അധ്യക്ഷൻ എം കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്‍റ് ബിപി മുരളി, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്സ്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ യറക്ടര്‍ എം ജി രാജമാണിക്യം, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമൺ, നോളജ് ഇക്കണോമി മിഷൻ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ഐകെഎം ഇഡി ഡോ. സന്തോഷ് ബാബു, പഞ്ചായത്ത് അംഗങ്ങളായ എ ദീപ്തി, സുമേഷ് ചന്ദ്രൻ വി കെ എന്നിവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ സ്വാഗതവും പിണറായി പഞ്ചായത്ത് പ്രസിഡന്‍റ് കെ കെ രാജീവൻ നന്ദിയും പറയും.
പ്രാദേശികമായി യുവാക്കളെ സംഘടിപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലിലേക്ക് എത്തിക്കാനുള്ള ഈ പുത്തന്‍ ആശയം ലോകത്ത് തന്നെ ആദ്യത്തേതാണ്. തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് നയിക്കുകയുമാണ് തൊഴില്‍സഭകളിലൂടെ ലക്ഷ്യമിടുന്നത്. ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയും, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയും, കെ ഡിസ്ക് വഴി ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമെല്ലാം തൊഴില്‍ സഭകളുടെ സഹകരണത്തോടെയാകും മുന്നോട്ടുപോവുക. ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ് ഇതിലൂടെ നടപ്പിലാകുന്നത്. മുന്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററാണ് തൊഴില്‍ സഭ എന്ന ആശയം മുന്നോട്ടുവെച്ചത്. വ്യത്യസ്ത വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ ഏകോപിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലകളുടെയും സഹായം തൊഴില്‍ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്നതും തൊഴില്‍ സഭയുടെ പ്രധാന ലക്ഷ്യമാണ്. തൊഴില്‍ മേഖലയിലെ കേരളത്തിന്‍റെ മഹാമുന്നേറ്റമാകുന്ന തൊഴില്‍ സഭകള്‍ വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭ്യര്‍ഥിച്ചു