എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് പിന്നാലെ, ബ്രിട്ടീഷ് രാജ്ഞിയുടെ ആഡംബര ശേഖരത്തിലുള്ള അമൂല്യ വസ്തുക്കള്‍ തിരികെ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. കിരീടം അലങ്കരിക്കാനായി കൊണ്ടു പോയ ഗ്രേറ്റ് സ്റ്റാര്‍ ഡയമണ്ട് തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്കയില്‍ ആവശ്യം ഉയരുകയാണ്. രത്‌നം തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പരാതി ക്യാമ്പയിനും ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ചിട്ടുണ്ട്. ഈ പരാതിയില്‍ ഇതിനോടകം 6,000 പേര്‍ ഒപ്പിട്ടു കഴിഞ്ഞു.
1905ല്‍ ഖനനം ചെയ്‌തെടുത്ത വലിയ രത്‌നത്തില്‍ നിന്ന് മുറിച്ചെടുത്തതാണ് ഗ്രേറ്റ് സ്റ്റാര്‍ ഡയമണ്ട് കൊളണിയല്‍ കാലത്ത് ഇത് ബ്രിട്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബ്രിട്ടണ്‍ ചെയ്ത എല്ലാ ദ്രോഹങ്ങള്‍ക്കും നഷ്ടപരിഹാരം വേണമെന്നും ബ്രിട്ടണ്‍ മോഷ്ടിച്ച സ്വര്‍ണവും രത്‌നവും എല്ലാം തിരികെ വേണമെന്നും ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് അംഗമായ വുയോവെതു സെന്‍ഗുള ട്വീറ്റ് ചെയ്തു.
‘നമ്മുടെ രാജ്യത്തെയും മറ്റ് രാജ്യങ്ങളിലെയും ധാതുക്കള്‍ നമ്മുടെ ജനങ്ങളുടെ ചെലവില്‍ ബ്രിട്ടന് പ്രയോജനപ്പെടുത്തുന്നത് തുടരുകയാണ്’ എന്ന് സമെലോ പറഞ്ഞു.