തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎമ്മുമായുള്ള പോര് കടുപ്പിക്കാൻ അസാധാരണ നീക്കവുമായി ഗവര്‍ണര്‍. നാളെ രാവിലെ രാജ്ഭവനിൽ വാര്‍ത്ത സമ്മേളനം വിളിച്ച് സര്‍ക്കാരിനെതിരെ തെളിവുകൾ പുറത്തു വിടാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നീക്കം.
2019-ല്‍ കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുമെന്നാണ് വിവരം.
കൂടാതെ, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ കത്തുകളും പുറത്തുവിട്ടേക്കുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കെകെ രാഗേഷിൻ്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയിൽ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയിൽ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ക്ക് മറുപടി നൽകിയത്. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഗവര്‍ണറെ കടന്നാക്രമിച്ച് രംഗത്തെത്തി. സിപിഎമ്മും സര്‍ക്കാരും തനിക്കെതിരെ നീക്കം കടുപ്പിച്ചതോടെയാണ് സര്‍ക്കാരിനെ അടിക്കുക എന്ന ലക്ഷ്യത്തോടെ ഗവര്‍ണര്‍ നാളെ വാര്‍ത്താ സമ്മേളനം വിളിക്കുന്നത്.