തിരുവനന്തപുരം: മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പരാമർശത്തിനെതിരെ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മുരളീധരന്റെ പരാമർശം തമാശയല്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി എല്ലാവരും ഒന്നിക്കുന്നത് കാണാൻ താൽപര്യമില്ലാത്തവരാണ് ഇത്തരം പരാമർശങ്ങൾക്ക് പിന്നിലെന്നും പറഞ്ഞു.
“മലയാളിയുടെ കൂട്ടായ്മയ്ക്ക് നേരേയുള്ള ഭയപ്പെടുത്തലാണ് മുരളീധരന്റെ പരാമർശം. ലോകത്ത് ഒരിടത്തും ഓണം പോലൊരു ആഘോഷമില്ല. ലോകമാകെ ശ്രദ്ധിച്ച കൂട്ടായ്മ കണ്ട് കേന്ദ്ര മന്ത്രി വിറളി പൂണ്ടിരിക്കുകയാണ്”- മന്ത്രി പറഞ്ഞു.
മുരളീധരന്റെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങനെയാവും “മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല…’ ശിവന്‍കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ബി.ജെ.പി അനുകൂല പ്രവാസി സംഘടനയായ ഐ.പി.എഫ് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു വി മുരളീധരന്റെ വിവാദ പരാമർശം. നൂറ്റാണ്ടുകളായി കേരളത്തിൽ ഓണം ആഘോഷിക്കുന്നതിനു ചരിത്ര രേഖകൾ തെളിവായുണ്ട്. എന്നാൽ, മധ്യപ്രദേശിൽ ഭരണം നടത്തിയിരുന്ന രാജാവ് ഈ ആഘോഷവുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നാണ് വി. മുരളീധരൻ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞത്.
മഹാബലിക്ക് വാമനന് മോക്ഷം നല്‍കുകയായിരുന്നുവെന്നാണ് ഐതിഹ്യമെന്ന് വ്യക്തമാക്കുന്ന മുരളീധരന് ഭാഗവതത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. എല്ലാ നല്ല കാര്യങ്ങളും കേരളത്തില്‍ നിന്നാണെന്ന് കരുതുന്ന മലയാളി മഹാബലിയേയും ദത്തെടുക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.