തിരുവനന്തപുരം: ഗവര്‍ണര്‍-മുഖ്യമന്ത്രി വാക്പോരില്‍ പ്രതിപക്ഷം പങ്കാളികളല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. സര്‍ക്കാരുമായി ചേര്‍ന്ന് ഗവര്‍ണര്‍ തെറ്റ് ചെയ്തപ്പോള്‍ സര്‍ക്കാരിനു പരാതിയില്ലായിരുന്നു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇടയില്‍ ഇടനിലക്കാരുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന നാടകത്തില്‍ പ്രതിപക്ഷം പങ്കാളിയാകില്ലെന്നും സതീശൻ പറഞ്ഞു.
വിവാദ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കരുതെന്നാണ് പ്രതിപക്ഷ നിലപാട്. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടാണ് ശരി.
സര്‍ക്കാര്‍ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തപ്പോള്‍ അതിനു ഗവര്‍ണര്‍ കൂട്ടുനിന്നു. ഇപ്പോള്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോഴാണ് ഗവര്‍ണറെ ആര്‍എസ്എസ് -ബിജെപി വക്താവൊക്കെയായി സര്‍ക്കാര്‍ ചിത്രീകരിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
ലോകായുക്ത നിയമഭേദഗതിയിലും സര്‍വകലാശാല നിയമ ഭേദഗതിയിലും മില്‍മ യൂണിയന് പിടിച്ചടക്കാന്‍ വേണ്ടി കൊണ്ടുവന്ന നിയമഭേദഗതിയിലും ഗവര്‍ണര്‍ ഒപ്പിടരുത് എന്നാണ് പ്രതിപക്ഷ നിലപാട്. ഈ മൂന്ന് നിയമങ്ങളും നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഗവര്‍ണര്‍ ഒപ്പിട്ടു. ഇപ്പോള്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെക്കാതിരിക്കുന്നത് ശരിയായ തീരുമാനമാണ്. പ്രതിപക്ഷത്തിന്റെ നിലപാട് എപ്പോഴും വിഷയാധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.