യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ തൊഴില്‍ സഭകള്‍ സംഘടിപ്പിക്കുന്നു. തൊഴില്‍ സഭകളുടെ സംഘാടനം സംബന്ധിക്കുന്ന മാര്‍ഗരേഖ പുറത്തിറങ്ങി. തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് നയിക്കുകയുമാണ് തൊഴില്‍സഭകളിലൂടെ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രാദേശികമായി യുവാക്കളെ സംഘടിപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലിലേക്ക് എത്തിക്കാനുള്ള ഈ പുത്തന്‍ ആശയം ലോകത്ത് തന്നെ ആദ്യത്തേതാണ്.
സുസ്ഥിര പ്രാദേശിക സാമ്പത്തിക വളര്‍ച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മാറ്റുന്നതിനാണ് പതിനാലാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത്. പ്രാദേശിക സാമ്പത്തിക വികസനവും തൊഴിലവസരങ്ങളുടെ സൃഷ്ടിയുമാണ് മുന്‍ഗണനാ ലക്ഷ്യങ്ങള്‍. എല്ലാ മേഖലകളിലും പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സംരംഭം ആരംഭിക്കാനുള്ള പ്രോത്സാഹനം ഒരുക്കുന്നതിന്‍റെയും ഭാഗമാണ് തൊഴില്‍സഭകളും. ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയും, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയും, കെ ഡിസ്ക് വഴി ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമെല്ലാം തൊഴില്‍ സഭകളുടെ സഹകരണത്തോടെയാകും മുന്നോട്ടുപോവുക. ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ് ഇതിലൂടെ നടപ്പിലാകുന്നത്. മുന്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററാണ് തൊഴില്‍ സഭ എന്ന ആശയം മുന്നോട്ടുവെച്ചത്. വ്യത്യസ്ത വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ ഏകോപിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലകളുടെയും സഹായം തൊഴില്‍ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്നതും തൊഴില്‍ സഭയുടെ പ്രധാന ലക്ഷ്യമാണ്.
തൊഴില്‍സഭകളുടെ ഔദ്യോഗികമായ ഉദ്ഘാടനം സെപ്റ്റംബര്‍ ഇരുപതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ വാര്‍ഡിലെ തൊഴില്‍ സഭയില്‍ പങ്കെടുത്താകും ഉദ്ഘാടനം. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് പിണറായി ഗ്രാമപഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് പരിപാടി. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പരിപാടിയില്‍ അധ്യക്ഷത വഹിക്കും. തൊഴില്‍ മേഖലയിലെ കേരളത്തിന്‍റെ മഹാമുന്നേറ്റമാകുന്ന തൊഴില്‍ സഭകള്‍ വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭ്യര്‍ഥിച്ചു.