കൊച്ചി: 17 കാരനെ തടഞ്ഞുനിർത്തി ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് തലയോട്ടിക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും. എറണാകുളം വെണ്ണല ചളിക്കവട്ടം സ്വദേശി പടിയേടത്ത് മേലിൽ വീട്ടിൽ നിർമ്മലിനെയാണ് (25) എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. 2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തലേദിവസം സ്കൂളിൽ മറ്റു കുട്ടികളുമായി ഉണ്ടായിരുന്ന തർക്കം പറഞ്ഞു തീർക്കാം എന്ന വ്യാജേന വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് തടഞ്ഞുനിർത്തി ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് തലയോട്ടിക്ക് പൊട്ടൽ സംഭവിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിക്കുകയായിരുന്നു. നിരവധി ദിവസങ്ങൾ കഴിഞ്ഞിട്ടാണ് കുട്ടിക്ക് ബോധം തിരിച്ചു കിട്ടിയത്. കുട്ടിയുടെ ചേട്ടന്റെ പരാതിയിൽ കേസെടുത്ത പാലാരിവട്ടം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യം ആണെങ്കിലും പ്രതിയുടെ പ്രായം പരിഗണിച്ചാണ് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകുന്നതെന്ന് വിധിന്യായത്തിൽ കോടതി പരാമർശിച്ചു. പ്രതിയുടെ ഇത്തരത്തിലുള്ള പ്രവർത്തി മൂലം കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പാലാരിവട്ടം എസ്. ഐ വിപിൻ കുമാറാണ് കേസന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി .എ . ബിന്ദു , അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.