ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ ഹര്‍ജിയും വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി.
2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വ്യവസായിയായ നിഷാം കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
തൃശ്ശൂരിലെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവ് ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായാണ് നിഷാം ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീലില്‍ വിധി പറഞ്ഞത്. നേരത്തെ കേസില്‍ ജീവപര്യന്തവും 24 വര്‍ഷത്തെ തടവുശിക്ഷയുമാണ് വിചാരണക്കോടതി വിധിച്ചത്.