പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ നാല്‍പ്പത്തിനാലുകാരനായ അച്ഛന്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ ഹാജരാക്കിയ രേഖ നിയമപരമല്ലെന്ന് വിലയിരുത്തി പിതാവിനെതിരെ ചുമത്തിയ പോക്‌സോ കുറ്റങ്ങള്‍ ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ച് റദാക്കിയിരുന്നു. എന്നാൽ മറ്റ് കുറ്റങ്ങളില്‍ വിധിച്ച മരണംവരെയുള്ള തടവുശിക്ഷ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
മദ്യപനും സ്ഥിരം പ്രശ്‌നക്കാരനുമായ പ്രതി ഭാര്യയെ പുറത്തേക്ക് പറഞ്ഞുവിട്ടശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. പെണ്‍കുട്ടി അധ്യാപികയോട് പറഞ്ഞതോടെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ച് ഇയാളെ അറസ്റ്റ് ചെയ്തു.പെണ്‍കുട്ടിയും അമ്മയും അധ്യാപികയും നല്‍കിയ മൊഴികളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് വിചാരണക്കോടതി പ്രതിക്ക് മരണംവരെ തടവ് വിധിച്ചത്. ഇതിനുപുറമേയാണ് പോക്‌സോ നിയമപ്രകാരമുള്ള തടവും ലഭിക്കുക.