കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടികൂടി. 50 ലക്ഷം രൂപ വില വരുന്ന സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കവേ മലപ്പുറം സ്വദേശിയായ ഒരാളിൽ നിന്നാണ് കസ്റ്റംസ് പ്രിവന്‍റീവ് ഹെഡ്ക്വാർട്ടേഴ്സ് യൂനിറ്റ് പിടികൂടിയത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് വാഹനത്തിൽ പുറത്തുകടക്കേ വിമാനത്താവള കവാടത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തു. പരിശോധനക്ക് പ്രിവന്റീവ് വിഭാഗം അസി. കമീഷണർ വാസന്ത കേശൻ, വിജയൻ പിള്ള എന്നിവർ നേതൃത്വം നൽകി.