ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്വാധീനം കണക്കിലെടുത്താകണം സംസ്ഥാനത്ത് യാത്രാദിനങ്ങള്‍ കൂടുതലുള്ളതെന്നും സിപിഎം വിലയിരുത്തി.
യാത്ര പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും യോഗം വിലയിരുത്തി. ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ സ്വയം ശക്തിപ്പെടണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഭാരത് ജോഡോ യാത്രയെ തുടക്കത്തില്‍ സിപിഎം ശക്തമായി എതിര്‍ത്തിരുന്നു. മുതിർന്ന നേതാക്കന്മാര് ഉള്‍പ്പെടെയുള്ളവരും പരസ്യപ്രതികരണം നടത്തുകയും ചെയ്തു.
തീവ്ര ഹിന്ദുത്വത്തെ പരാജയപ്പെടുത്താൻ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനാകില്ല. അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയും കോൺഗ്രസ് ഇതു പഠിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ എന്തുകൊണ്ടാണ് കോൺഗ്രസ് സജീവ സാന്നിധ്യമാകാതിരുന്നത്. ഭരണഘടനയിലെ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നും സിപിഎം ചോദിച്ചു.
ഓരോ ദിവസവും പ്രവർത്തകസമിതി അംഗങ്ങൾ വരെ പാർട്ടി വിടുകയാണെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തമായ സാന്നിധ്യമായി ഈ വന്ദ്യവയോധിക കക്ഷി മാറിയിരിക്കുന്നു. പ്രതിപക്ഷ പാർടികൾ പോലും കോൺഗ്രസിനെ ഒരു ബാധ്യതയായിട്ടാണ് കാണുന്നതെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ബിജെപിയെ എതിർക്കാനാണ് യാത്രയെങ്കിൽ അത് കേരളത്തിലൂടെയല്ല നടത്തേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി കുറ്റപ്പെടുത്തി.