തിരുവനന്തപുരം: വഞ്ചിയൂര്‍ ചിറക്കുളത്ത് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. മൂന്ന് തെരുവ് നായകളേയും ഒരു വളര്‍ത്തു നായയേയും ചത്ത നിലയിൽ കണ്ടെത്തിയത്. നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് നാട്ടുകാരുടെ പരാതി.
രാത്രി നായകള്‍ക്ക് ഒരാള്‍ ഭക്ഷണം കൊടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. വളര്‍ത്തു നായ്ക്കളടക്കം പത്തോളം നായ്ക്കളാണ് ഇത്തരത്തില്‍ ചത്തത്. രാത്രി 10.45ഓടെ കാറിലെത്തിയ ഒരാള്‍ ഭക്ഷണപ്പൊതി വച്ചുകൊടുക്കുകയായിരുന്നെന്നും സംഭവം കോര്‍പറേഷന്‍ അധികൃതരെ അറിയിച്ചിട്ടും ഇടപെടലുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ചത്ത നായകള്‍ ഉച്ച കഴിഞ്ഞിട്ടും റോഡില്‍ തന്നെ കിടക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇവയെ മാറ്റുന്നത് സംബന്ധിച്ച് കോര്‍പറേഷന്‍ കൗണ്‍സിലറും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. തങ്ങള്‍ ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന നായകളേയും വളര്‍ത്തുനായകളേയും ചത്ത നിലയില്‍ കണ്ടെത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തില്‍ ഇന്ന് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെല്ലാം ഇരുചക്രവാഹന യാത്രക്കാരാണ്.