മണ്ണാർക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. നാല് സാക്ഷികളാണ് ഇന്ന് വിസ്താരത്തിനിടെ കൂറുമാറിയത്. അനൂപ്, മനാഫ്, രഞ്ജിത്ത്, മണികണ്ഠൻ എന്നിവരാണ് കൂറുമാറിയത്. കേസിൽ ഇതുവരെ 20 പേരാണ് കൂറുമാറിയത്.
സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്. രഹസ്യമൊഴി നൽകിയ ഏഴുപേർ കോടതിയിൽ മൊഴിമാറ്റിയിരുന്നു. അതിനുശേഷം വിസ്തരിച്ച രണ്ടുപേരും പോലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തി.
അതേസമയം, പ്രതികൾക്ക് ജാമ്യം നൽകിയതാണ് സാക്ഷികളെ സ്വാധീനിക്കാനും കൂറുമാറാനും ഇടയാക്കിയതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു. കൂറുമാറിയ സാക്ഷികളുടെ ഫോണിലേക്ക് പ്രതികൾ വിളിച്ചതിന്റെ ഫോൺ രേഖകൾ കോടതിയിൽ ഹാജരാക്കിയതായും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
കേസിൽ നേരത്തെ കോടതിയിൽ നൽകിയ മൊഴി, കൂറുമാറിയ സാക്ഷികളിലൊരാളായ സുനിൽകുമാർ ഇന്ന് തിരുത്തിയിരുന്നു. കോടതി നിർദേശത്തെ തുടർന്ന് ഹാജരായപ്പോഴായിരുന്നു സുനിൽകുമാർ ഇന്നലെ പറഞ്ഞത് തിരുത്തിപ്പറഞ്ഞത്.
മർദനമേറ്റ് മധു മുക്കാലിയിൽ ഇരിക്കുന്നത് കണ്ടെന്ന് സുനിൽകുമാർ ഇന്ന് കോടതിയിൽ പറഞ്ഞു. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങളിൽ ഉള്ളത് താൻ ആണെന്നും ഇയാൾ സമ്മതിച്ചു.
സുനിൽകുമാറിന്റെ സാക്ഷി വിസ്താരം മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിൽ പൂർത്തിയായി. അതേസമയം, കാഴ്ചക്കുറവുണ്ടെന്ന് കളവ് പറഞ്ഞതിന് സുനിൽകുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി.