മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത മാസം നടത്താനിരിക്കുന്ന വിദേശയാത്രയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കുന്ന പാര്‍ട്ടിക്കാര്‍ യൂറോപ്പ് ജോഡോ യാത്ര നടത്തുകയാണെന്നാണ് ജയറാം രമേശിന്റെ പരിഹാസം .
ഭാരത് ജോഡോ യാത്ര ഇപ്പോള്‍ ബിജെപിയുടെ എ ടീം ഭരിക്കുന്ന സംസ്ഥാനത്തു കൂടിയാണ് കടന്നുപോകുന്നത്. സംസ്ഥാനങ്ങളുടെ നീളം അനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളില്‍ യാത്ര കടന്നുചെല്ലുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. യാത്രക്ക് ഏറ്റവും എളുപ്പമുള്ള വഴിയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു .പദയാത്ര നേര്‍വഴിക്കാണ് നടത്തുന്നത്. വാഹനയാത്രയായിരുന്നെങ്കില്‍ മറ്റു പ്രദേശങ്ങളിലേക്കും പോകാമായിരുന്നു. ജനങ്ങളുടെ ഭാഗത്തുനിന്നും യാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണം ബിജെപിയെയും സിപിഎമ്മിനെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണെന്നും ജയ്‌റാം രമേശ് പറഞ്ഞു.
കേരളം നീളം കൂടിയ സംസ്ഥാനമായതു കൊണ്ടാണ് 370 കിലോമീറ്റര്‍ പിന്നിടാനായി 18 ദിവസങ്ങളെടുക്കുന്നത്. കര്‍ണാടകയിലും രാജസ്ഥാനിലും 21 ദിവസവും മഹാരാഷ്ട്രയില്‍ 16 ദിവസവും യുപിയില്‍ അഞ്ചു ദിവസവുമാണ് യാത്ര. ഇതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ വിഭജിച്ച് ഇല്ലാതാക്കുന്ന ഇന്ത്യയെ തിരിച്ചു പിടിക്കാനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുമാണ് യാത്ര.