മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി വ്യാഴാഴ്ച ഹാജരാകണമെന്ന് കോടതി. 29-ാം സാക്ഷി സുനിൽ കുമാറിനോടാണ് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയുടെ നിർദേശപ്രകാരം സുനിൽ കുമാറിന്റെ കാഴ്ച പരിശോധിച്ചിരുന്നു.
പരിശോധനയിൽ കാഴ്ചയ്ക്കു തകരാറില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മധു വധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കാട്ടിയപ്പോൾ കാണാൻ കഴിയുന്നില്ലെന്ന് സുനിൽ കുമാർ പറയുകയും കാഴ്ച പരിശോധനയ്ക്കു വിധേയനാകാൻ കോടതി നിർദേശിക്കുകയുമായിരുന്നു.
മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദൃശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സുനിൽ കുമാർ പറഞ്ഞത്. എന്നാൽ ഈ വീഡിയോയിൽ കാഴ്ചക്കാരനായി സുനിൽ കുമാറിനെയും കാണാം. ഒന്നും കാണുന്നില്ലെന്ന് സാക്ഷി പറഞ്ഞതോടെയാണ് കണ്ണ് പരിശോധിക്കാൻ കോടതി നിർദേശം നൽകിയത്.
തുടർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നു പരിശോധന നടത്തി. പോലീസ് വ്യാഴാഴ്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. സുനിൽകുമാറിന് യാതൊരു കാഴ്ചാ തകരാറും ഇല്ലെന്ന റിപ്പോർട്ടാണ് ഡോക്ടർ നല്കിയത്.
അതേസമയം, കേസിൽ ഇതുവരെ കൂറുമാറിയവരുടെ എണ്ണം 15 ആയി. മധുവിനെ പ്രതികൾ പിടിച്ചു കൊ ണ്ടുവരുന്നത് കണ്ടു, പ്രതികൾ കള്ളൻ എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടു എന്നുമായിരുന്നു സുനിൽ കുമാർ പോലീസിന് നൽകിയ മൊഴി. ഈ മൊഴിയാണ് സുനിൽ കുമാർ കോടതിയിൽ മാറ്റിപ്പറഞ്ഞത്.