പാലക്കാട് : അട്ടപ്പാടി മധു കേസിൽ മൊഴി മാറ്റിയ സാക്ഷിക്ക് കാഴ്ചക്ക് പ്രശ്നങ്ങളില്ലെന്ന് പ്രാഥമിക നേത്ര പരിശോധനാ റിപ്പോര്‍ട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് സാക്ഷിയായ വനംവകുപ്പ് വാച്ചര്‍ സുനിൽ കുമാറിന് കാഴ്ചക്ക് പ്രശ്നങ്ങളില്ലെന്ന് വ്യക്തമായത്. വിശദമായ റിപ്പോർട്ട് അടുത്ത ദിവസം വിചാരണക്കോടതിയിൽ ഹാജരാക്കും.
ആൾക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന അട്ടപ്പാടി മധു കേസിലെ ഇരുപത്തിയൊമ്പതാമത്തെ സാക്ഷി സുനിൽ കുമാർ മൊഴിമാറ്റിയതിന് പിന്നാലെയാണ് കോടതിയിടപെട്ടലുണ്ടായത്.
മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വിഡിയോയിലെ ദ്യശ്യങ്ങള്‍ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. ഈ വിഡിയോയില്‍ കാഴ്ചക്കാരനായി സുനില്‍കുമാറിനെയും കാണാം. എന്നാല്‍ ഒന്നും കാണുന്നില്ലെന്നായിരുന്നു സാക്ഷിമൊഴി. ഇതേ തുടര്‍ന്നാണ് കണ്ണ് പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
സുനില്‍ കുമാര്‍ കൂടി കൂറുമാറിയതോടെ മധു വധ കേസില്‍ കൂറുമാറിയവരുടെ എണ്ണം 15 ആയിരുന്നു. മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു, പ്രതികള്‍ കള്ളന്‍ എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നത് കണ്ടു എന്നുമായിരുന്നു സുനില്‍ കുമാര്‍ പൊലീസിന് നല്‍കിയ മൊഴി. ഈ മൊഴിയാണ് സുനില്‍ കുമാര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്.
അതിനിടെ കോടതിയിൽ മൊഴിമാറ്റിയതിന് പിന്നാലെ വനംവാച്ചറായ സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു. സൈലന്റ്വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വാച്ചറായിരുന്ന സുനിൽകുമാറിനെതിരെ കൂറുമാറിയതോടെ വനം വകുപ്പ് നടപടിയെടുത്തത്. ഇതോടെ കൂറു മാറിയതിന് പിരിച്ചു വിട്ട വനം വച്ചർമാർ നാലായി.