സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊന്നൊടുക്കുന്ന സംഭവങ്ങളിൽ കേസെടുക്കാൻ ഡിജിപിക്ക് നിർദേശവുമായി ഹൈക്കോടതി. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.
ഇന്നലെയാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് കൈമാറിയിട്ടുണ്ട്.പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.ഏത് വിഷമാണ് നൽകിയതെന്ന് തിരിച്ചറിയുന്നതോടെയാണ് ഉദ്യോഗസ്ഥർ മറ്റ് നടപടികളിലേക്ക് നീങ്ങുക .തെരുവ് നായ ശല്യം രൂക്ഷമായതോടെ നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് നിഗമനം.