ഭാരത് ജോഡോ യാത്ര ഇന്ന് കഴക്കൂട്ടത്ത് നിന്നാണ് ആരംഭിച്ചത്. യാത്ര ആറ്റിങ്ങലില്‍ എത്തിയ ശേഷം കെ റെയില്‍ സമരസമിതി നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. നേരത്തെ വിഴിഞ്ഞം സമര നേതാക്കളെ രാഹുല്‍ കണ്ടിരുന്നു.
ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകിട്ട് നാല് മണിക്കാണ് യാത്ര പുനഃരാരംഭിക്കുക. തുടര്‍ന്ന് കല്ലമ്പലത്ത് സമാപിക്കും. സമാപന ചടങ്ങില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും. യാത്രയുടെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര 150 ദിവസത്തിനുള്ളില്‍ 3,570 കിലോമീറ്റര്‍ സഞ്ചരിച്ച് ജമ്മു കശ്മീരില്‍ അവസാനിക്കും. ഭാരത് ജോഡോയില്‍ പങ്കെടുക്കുന്ന യാത്രക്കാര്‍ ഒരു ഹോട്ടലിലും തങ്ങില്ല. രാത്രികള്‍ കണ്ടെയ്നറുകളില്‍ ചെലവഴിക്കും. ഇത്തരത്തില്‍ ആകെ 60 കണ്ടെയ്നറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ചില കണ്ടെയ്നറുകളില്‍ ഉറങ്ങാനുള്ള കിടക്കകള്‍, ടോയ്ലറ്റുകള്‍, എസികള്‍ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധി ഒരു കണ്ടെയ്നറില്‍ താമസിക്കും. മറ്റുള്ളവര്‍ കണ്ടെയ്നറുകള്‍ പങ്കിടും. കണ്ടെയ്നറുകള്‍ എല്ലാ ദിവസവും എത്തുന്നയിടത്ത് മൈതാനങ്ങളില്‍ പാര്‍ക്ക് ചെയ്യും. മുഴുവന്‍ സമയ യാത്രക്കാര്‍ റോഡില്‍ വച്ചാകും ഭക്ഷണം കഴിക്കുന്നത്. ഭാരത് ജോഡോ യാത്രയില്‍ അംഗങ്ങള്‍ക്കായി അടുത്ത അഞ്ചുമാസം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തുള്ള ക്രമീകരണങ്ങള്‍ മുന്‍കൂട്ടി ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ ദിവസവും ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ നടക്കും.