സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായത്തോടെ അടിയന്തിര നടപടികളുമായി സംസ്ഥാന സർക്കാർ . തെരുവ് നായ ശല്യം നിർമ്മാർജ്ജനം ചെയ്യുന്നതിൻ്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി എംബി രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കൂടും .അതിരൂക്ഷമായി തുടരുന്ന തെരുവ് നായ ആക്രമണങ്ങളെ മൃഗസ്നേഹികളുടെ സഹായത്തോടെ പ്രതിരോധിക്കുവാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. തെരുവുനായ വന്ധ്യംകരണം, പേവിഷ പ്രതിരോധം, വാക്‌സിനേഷന്‍ എന്നിവയില്‍ പ്രഖ്യാപിച്ച കര്‍മ്മപദ്ധതി യോഗത്തിൽ അവലോകനം ചെയ്യും.
പരാതികൾ ഉയർന്ന സാഹചര്യത്തിൽ വന്ധ്യംകരണം വീണ്ടും തുടങ്ങണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. എന്നാൽ വന്ധ്യംകരണം നിലവിലെ തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കാനാകില്ല. ഇതേതുടർന്നാണ് സംസ്ഥാന സർക്കാർ മൃഗസ്നേഹികളുടെ സഹായം തേടുന്നത്. നായ്ക്കളെ ഏതെങ്കിലും പരിപാലനകേന്ദ്രത്തിലേക്ക് മാറ്റുകയോ വളർത്താൻ താത്പര്യമുള്ളവരെ ഏൽപ്പിക്കുകയോ ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
യോഗത്തിൽ അനുകൂലമായ തീരുമാനമുണ്ടായാൽ ജില്ല അടിസ്ഥാനത്തിൽ മൃഗസ്നേഹി സംഘടനകളുടെ യോഗം വിളിക്കുകയും ഇവരോട് കാര്യം സംസാരിക്കുകയും ചെയ്യും. നായ്ക്കളെ പരിപാലിക്കുന്നതിന് ഇവർക്ക് സാമ്പത്തിക സഹായം നൽകുന്നതും പരിഗണനയിലുണ്ട്.