പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും ചുഴലിക്കാറ്റ് വീശി. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റിൽ വീടുകളുടെ ഷീറ്റ് മറിഞ്ഞ് വീണു. ഒട്ടേറെ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണിട്ടുണ്ട്. ശക്തമായ കാറ്റാണ് ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.
മിന്നൽ ചുഴലികൾ തൃശൂർ മേഖലയിൽ ഇപ്പോൾ സാധാരണമാവുകയാണ്. പുലർച്ചെ മൂന്നരയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. വീടുകൾക്കും കൃഷിയ്ക്കുമാണ് വലിയ നാശനൽഷ്ടം സംഭവിച്ചത്. കെഎസ്ഇബി, റവന്യു വകുപ്പ്, രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വീടുകളിലേക്കും വാഹനങ്ങളിലേക്കും ഒടിഞ്ഞുവീണ മരങ്ങൾ വെട്ടിമാറ്റുന്ന പ്രവര്‍ത്തനങ്ങൾ നടക്കുകയാണ്. കൃഷി നാശം രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകൾക്കുളളിൽ 10 ഓളം മിന്നൽ ചുഴലികളാണ് തൃശൂരിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്.