കേരള നിയമസഭാ സ്പീക്കര്‍ തെരെഞ്ഞെടുപ്പ് ഇന്ന് രാവിലെ 10ന് നടക്കും. എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ച് മന്ത്രിപദത്തിലേക്കെത്തിയതോടെയാണ് പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള സഭാ സമ്മേളനം. സഭാംഗങ്ങളായ എ.എന്‍. ഷംസീര്‍, അന്‍വര്‍ സാദത്ത് എന്നവരാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ അറിയിച്ചു.
രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. സ്പീക്കർ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് വിപ്പ് നൽകാനാകില്ല. ഇതിനാൽ വോട്ടു ചോർച്ചയുണ്ടായാൽ നടപടിയെടുക്കാനാകില്ല. എൽഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണു നിയമസഭയിലുള്ളത്.വോട്ടെണ്ണലിനും ശേഷം വിജയി ഇന്ന് സഭയിലെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതോടെ നിയമസഭാ സമ്മേളനം സമാപിക്കും.