ഹൈദരാബാദ്: ദേശീയ പാർട്ടി ഉടൻ രൂപീകരിക്കുമെന്ന് തെലുങ്കാന രാഷ്ട്ര സമിതി അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു. പുതിയ പാർട്ടിയുടെ നയങ്ങൾ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ദേശീയ പാര്‍ട്ടി രൂപീകരണം. ബിജെപി വിരുദ്ധ ചേരിയിലെ നേതാക്കളുമായി കെ ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തും.
തെലുങ്കാന രാഷ്ട്ര സമിതി രൂപീകരിക്കുന്നതിനു മുൻപ് ചെയ്തതു പോലെ ബുദ്ധിജീവികൾ, സാമ്പത്തിക വിദഗ്ധർ, വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ എന്നിവരുമായി നീണ്ട ചർച്ചകൾ നടത്തി. ബദൽ ദേശീയ അജണ്ട ഇതിലൂടെ രൂപപ്പെട്ടുവന്നിട്ടുണ്ടെന്നും കെസിആറിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
വൈകാതെ, ദേശീയ പാർട്ടിയും അതിന്റെ നയങ്ങളുടെ രൂപീകരണവും നടക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനായി ബിജെപി മതപരമായ ഭിന്നതകള്‍ സൃഷ്ടിക്കുകയാണെന്ന് കെ ചന്ദ്രശേഖരറാവു ആരോപിച്ചു. തെലങ്കാനയെ രാജ്യത്തെ സമാധാനപരമായ സംസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നേട്ടത്തിനായി ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനാ പ്രതിനിധികള്‍ തന്നോട് അഭ്യര്‍ത്ഥിച്ചു.