ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ കഴിയുന്നതല്ലെന്ന് കോൺഗ്രസ് വിട്ട മുൻ രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്. അത്തരം വാഗ്ദാനം ചെയ്യുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കശ്മീരിലെ ബാരാമുല്ലയില്‍ നടന്ന പൊതുപരിപാടിയിലാണ് ഗുലാം നബി ആസാദ് നിലപാട് വ്യക്തമാക്കിയത്.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കഴിയില്ല. ഇതിനായി പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും ആസാദ് പറഞ്ഞു. പ്രത്യേക പദവിയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ലന്നും ജനങ്ങളെ ചൂഷണം ചെയ്യാൻ മറ്റ് പാർടികളെ അനുവദിക്കില്ലന്നും ആസാദ് വ്യക്തമാക്കി.
“എനിക്കോ, കോൺഗ്രസിനോ, ശരദ് പവാറിനോ, മമത ബാനർജിക്കോ 370 പുനഃസ്ഥാപിക്കാനാവില്ല. അതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഓരോ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയത്തിൻ്റെ പടുകുഴിയിൽ വീഴുന്നു. പാർലമെന്റിൽ ഭൂരിപക്ഷം നേടാനും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാർട്ടിയും ഇന്ന് ഇന്ത്യയിൽ ഇല്ല.”- ആസാദ് പറഞ്ഞു.
കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർടികൾ പ്രത്യേകാധികാരം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടിരിക്കെയാണ് ആസാദ് നിലപാട് വ്യക്തമാക്കിയത്. തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം പത്ത് ദിവസത്തിനകമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയിലെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നതും, ജമ്മു–കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35 എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നൽകുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് റദ്ദാക്കിയത്.