പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഫൈനൽ മത്സരത്തിൽ, എ ബാച്ച് വള്ളങ്ങളുടെ ഫൈനലിൽ മല്ലപ്പുഴശേരി പള്ളിയോടം വിജയിച്ചു. ആവേശകരമായ മത്സരത്തിൽ കുറിയന്നൂരിനെ വള്ളപാടുകൾക്കു പിന്തള്ളിയാണു മല്ലപ്പുഴശേരി വിജയത്തീരം അണിഞ്ഞത്. ബി ബാച്ചിൽ ഇടപ്പാവൂർ ഒന്നാമത് എത്തി. എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ പുന്നംതോട്ടവും ബി ബാച്ചിൽ പുതുക്കുളങ്ങരയും ഒന്നാമതെത്തി.
മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് നിര്‍വഹിച്ചത്. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. കെ. എസ്. മോഹനന്‍ ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വഹിക്കും.
പ്രളയം, കൊവിഡ് എന്നിവ മൂലം താളം തെറ്റിയ വള്ളംകളി ഇടവേളയ്ക്ക് ശേഷം ഇക്കുറി പൂർണ തോതിൽ നടത്തപ്പെട്ടതിനാൽ വലിയ ആവേശമാണ് ഉണ്ടായിരുന്നത്. ആയിരങ്ങളാണ് വള്ളംകളി കാണാനെത്തിച്ചേര്‍ന്നിരുന്നത്. 50 പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ പങ്കെടുത്തത്. വേഗത്തിന് പ്രാധാന്യം നൽകാതെ വഞ്ചിപ്പാട്ടുകൾ, തുഴച്ചിൽ ശൈലി, ചമയം വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുകയെന്നതാണ് ആറന്മുളയിലെ പ്രത്യേകത. എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്നതിനാൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് ഇത്തവണ വള്ളംകളി നടന്നത്.
ആറന്മുള ജലോത്സവം വിജയികൾ (സ്ഥാനം തിരിച്ച്)
എ ബാച്ച്
1 മല്ലപ്പുഴശേരി
2 കുറിയന്നൂർ
3 ചിറയിറമ്പ്
4 ളാക ഇടയാറന്മുള
ബി ബാച്ച്
1 ഇടപ്പാവൂർ
2 പുല്ലൂപ്രം
3 വന്മഴി
എ ബാച്ച് ലൂസേഴ്സ് ഫൈനൽ
1 പുന്നംതോട്ടം
2 ഇടയാറന്മുള കിഴക്ക്
3 ഇടയാറന്മുള
4 പ്രയാർ
ബി ബാച്ച് ലൂസേഴ്സ് ഫൈനൽ
1 പുതുക്കുളങ്ങര
2 മുതവഴി, കോടിയാട്ടുകര