ആലപ്പുഴ: അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ചെങ്ങന്നൂര്‍ ആര്‍ഡിഒ സുമയെ കളക്ടർ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കളക്ടർ നിർദേശിച്ചു.
ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. അച്ചൻകോവിലാറ്റിൽ ചെന്നിത്തല വലിയപെരുമ്പുഴ തെക്കേ കടവിലായിരുന്നു അപകടം. പള്ളിയോടം മറിഞ്ഞ് രണ്ടുപേരാണ് മരിച്ചത്. ചെന്നിത്തല സ്വദേശി ആദിത്യനും ചെറുകോൽ സ്വദേശി വിനീഷുമാണ് മരിച്ചത്.
പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു. അച്ചൻകോവിലാറ്റിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതിനൊപ്പം അടിയൊഴുക്കും ഉണ്ടായതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.