ന്യൂഡല്‍ഹി: ശശി തരൂര്‍ അടക്കം അഞ്ച് എംപിമാർക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുളള വോട്ടർ പട്ടിക എ.ഐ.സി.സി നൽകും. എംപിമാർ കത്തയച്ചതിന് പിന്നാലെയാണ് നടപടി. കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി എംപിമാർക്ക് കത്തയച്ചു. മറുപടി തൃപ്തികരമാണെന്ന് ശശി തരൂർ പ്രതികരിച്ചു.
ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ദോലോയ്, അബ്ദുള്‍ ഖലീഖ് എന്നിവരാണ് സെപ്റ്റംബര്‍ ആറിന് മധുസൂദന്‍ മിസ്ത്രിയ്ക്ക് കത്തയച്ചത്. ഇവരെ അഭിസംബോധന ചെയ്ത് മിസ്ത്രി എഴുതിയ മറുപടിക്കത്തില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് എത്രത്തോളം സുതാര്യമായാണ് നടത്തുക എന്ന് വ്യക്തമാക്കുന്നു. മൂന്ന് കാര്യങ്ങളാണ് കത്തില്‍ പറയുന്നത്. ആഗ്രഹിക്കുന്ന ആര്‍ക്കും അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനായി പത്രിക സമര്‍പ്പിക്കാം.
പത്രിക സ്വീകരിക്കാനായി പ്രത്യേക സംവിധാനമുണ്ട്. പത്ത് പേരുടെ പിന്തുണയാണ് ഇതിന് വേണ്ടത്. അവരവരുടെ സംസ്ഥാനത്തുനിന്ന് തന്നെ പിന്തുണയ്ക്കുന്നവരെ കണ്ടെത്താന്‍ പിസിസി ഓഫീസുകളില്‍ വെച്ച് വോട്ടര്‍ പട്ടിക പരിശോധിക്കാം. ചരിത്രത്തിലാദ്യമായി ക്യു ആര്‍ കോഡ് ഉള്‍പ്പെടുത്തിയുള്ള വോട്ടര്‍ ഐഡി കാര്‍ഡ് വിതരണം ചെയ്യും. ഈ കാര്‍ഡ് ഉള്ളവര്‍ക്കാണ് മത്സരിക്കാനും സ്ഥാനാര്‍ത്ഥികളെ പിന്താങ്ങാനും കഴിയുക.
മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ പിന്തുണയ്ക്കുന്നവരെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുകയാണെങ്കില്‍ അതിനും സൗകര്യമൊരുക്കും. സെപ്റ്റംബര്‍ 20 മുതല്‍ എഐസിസി അസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമിതി ഓഫീസില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ വോട്ടര്‍ പട്ടിക ലഭ്യമാകും. സെപ്റ്റംബര്‍ 24-നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
വോട്ടര്‍ പട്ടിക ആവശ്യപ്പെടുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മധുസൂദൻ മിസ്ത്രിക്ക് അയച്ച കത്തിൽ എംപിമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ ആഭ്യന്തര രേഖകൾ പുറത്തുവിടണമെന്നല്ല പറയുന്നത്. നാമനിർദേശ പ്രക്രിയകൾ ആരംഭിക്കുന്നതിനു മുൻപുതന്നെ പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ഇലക്ടറൽ കോളജിൽ യോഗ്യതയുള്ള പിസിസി കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിടണമെന്നാണ് ആവശ്യം. ആരൊക്കെയാണ് നാമനിർദേശം ചെയ്യപ്പെടാൻ യോഗ്യതയുള്ളവർ, ആർക്കാണ് വോട്ടവകാശം ഉള്ളത് എന്നു വ്യക്തമായി അറിയാൻ ഇതുവഴി സാധിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.