തിരുവനന്തപുരം: ഉത്രട്ടാതി വള്ളംകളി ഒരുക്കുന്നതിനിടെ പള്ളിയോടം മറിഞ്ഞ് രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദേശം. ജലോത്സവത്തില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റരുത്. 18 വയസിന് താഴെയുള്ളവരേയും കയറ്റരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ചെന്നിത്തല പള്ളിയോടം മറിഞ്ഞാണ് ഇന്ന് രണ്ടുപേര്‍ മരിച്ചത്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഈ പശ്ചാത്തലത്തിലാണ് പള്ളിയോടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പള്ളിയോടങ്ങളിലും വള്ളങ്ങളിലും പോകുന്നവര്‍ക്ക് നീന്തലും തുഴച്ചിലും അറിഞ്ഞിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പള്ളിയോടങ്ങള്‍ക്കൊപ്പം സുരക്ഷാ ബോട്ട് സഞ്ചരിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
നിർദേശങ്ങൾ
1. പളളിയോടങ്ങളിലും വളളങ്ങളിലും അനുവദനീയമായ എണ്ണം ആളുകളെ മാത്രമേ കയറാവൂ.
2. പള്ളിയോടങ്ങളിലും, വളളങ്ങളിലും 18 വയസ്സിനുമുകളിൽ ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കാവൂ.
3. പ്രതിക്ഷണ സമയത്ത് പള്ളിയോടങ്ങളിലും വളളങ്ങളിലും തുഴച്ചിൽ, നീന്തൽ അറിയുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവു.
4. പള്ളിയോടങ്ങളിലും വളളങ്ങളിലും കയറുന്നവരുടെ പേരും വിലാസവും സംഘാടകർ രേഖപ്പെടുത്തി സൂക്ഷിക്കണം.
5. പളളിയോടങ്ങളിലും വളളങ്ങളിലും സഞ്ചരിക്കുന്നവർക്ക് ആവശ്യമായ സുരക്ഷാ സുരക്ഷാ ക്രമീകരണങ്ങൾ സംഘാടകർ ഉറപ്പ് വരുത്തേണ്ടതാണ്.
6. പളളിയോടങ്ങളുടെ യാത്രയിൽ ഒരു സുരക്ഷാ ബോട്ട് അനുഗമിക്കേണ്ടതും അത് സംഘാടകർ ഉറപ്പ് വരുത്തേണ്ടതാണ്.
7. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ സംവിധാനങ്ങൾ ക്രമീകരിക്കണം.
8. ഈ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ ഉറപ്പുവരുത്തണം.