മൊബൈല്‍ ആപ്ലിക്കേഷന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ പരിശോധനയില്‍ ഒരു വ്യവസായിയുടെ വസതിയില്‍ ഏഴു കോടി രൂപയുടെ പണവും സ്വത്ത് രേഖകളും പിടിച്ചെടുത്തു. കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ഒട്ടേറെ സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ആണ് കണ്ടെത്തൽ.
കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഏരിയയിലെ വ്യവസായി ആമിര്‍ ഖാന്റെ സ്ഥാപനത്തിലാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഇഡി റെയ്ഡ് നടത്തിയത്. ഖാന്റെ വീട്ടില്‍ നിന്ന് വന്‍തുക പണവും സ്വത്ത് രേഖകളും പിടിച്ചെടുത്തത്. കണ്ടെടുത്ത പണത്തിന്റെ കൃത്യമായ തുക ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇഡി പരിശോധിച്ചു വരികയാണ്. ഇ-നഗ്ഗറ്റ്സ് എന്ന മൊബൈല്‍ ഗെയിമിംഗ് ആപ്പ് വഴി ഉപയോക്താക്കളെ കബളിപ്പിച്ചതിന് ആമിര്‍ ഖാന്‍ എന്ന വ്യവസായിക്കും മറ്റുള്ളവര്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുത്തു.
വ്യവസായിയുടെ വസതിയില്‍ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി സംശയിക്കുന്ന വ്യവസായികള്‍ക്കെതിരെയുള്ള ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന.