കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ നിലപാടിനെതിരെ വിമത നേതാക്കൾ. ശശി തരൂർ ഉൾപ്പെടെ ആറ് വിമത നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് കത്ത് നൽകി. മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർഡോലൈ, അബ്ദുൽ ഖാർക്വീ തുടങ്ങിയവരും സെപ്റ്റംബർ ആറിന് മിസ്ത്രിക്ക് അയച്ച കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
ഏകീകരിച്ച വോട്ടർ പട്ടിക പ്രസിദ്ധീകരിക്കില്ല എന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഇല്ലാതാക്കുന്നുവെന്ന് കത്തിലെ ആരോപണം.ആവശ്യമുള്ള എല്ലാവർക്കും പരിശോധിക്കാൻ സാധ്യമാകുന്ന വിധത്തിൽ വോട്ടർപട്ടിക ലഭ്യമാക്കണമെന്നും ആറ് വിമത നേതാക്കൾ. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ നിലപാട് സംശയമുണ്ടാക്കുന്നതാണെന്നും നേതാക്കൾ പറഞ്ഞു.
എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിക്കാണ് കത്ത് അയച്ചിരിക്കുന്നത്. വോട്ടർ പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തിൽ തെറ്റായ ഇടപെടൽ നടന്നത് നിർഭാഗ്യകരമാണെന്നും അവർ കത്തിൽ പറയുന്നു.തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സെപ്റ്റംബർ 22ന് പുറത്തു വരും. 24 മുതൽ 30 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം. പിൻവലിക്കാനുള്ള തീയതി ഒക്ടോബർ 8 ആണ്. 17ന് തെരഞ്ഞെടുപ്പ് നടക്കും. 19ന് ഫലപ്രഖ്യാപനം.