ഓണം പ്രമാണിച്ച് പാലുത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ മികച്ച നേട്ടവുമായി മലബാര്‍ മില്‍മ. സെപ്തംബര്‍ 4 മുതല്‍ 7 വരെയുള്ള നാലു ദിവസങ്ങളില്‍ 39.39 ലക്ഷം ലിറ്റര്‍ പാലും 7.18 ലക്ഷം കിലോ തൈരും മലബാര്‍ മേഖലാ യൂണിയന്‍ വില്‍പ്പന നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പാലിന്റെ വില്‍പ്പനയില്‍ 11 ശതമാനവും തൈര് വില്‍പ്പനയില്‍ 15 ശതമാനവും വര്‍ധനവുണ്ട്. ഇതു കൂടാതെ 496 മെട്രിക് ടണ്‍ നെയ്യും 64 മെട്രിക് ടണ്‍ പേഡയും 5.5 ലക്ഷം പാക്കറ്റ് പാലടയും ഓണക്കാലത്ത് വില്‍പ്പന നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ഓണം കിറ്റില്‍ ഈ വര്‍ഷവും 50 മില്ലി മില്‍മ നെയ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ കിറ്റിലേക്കായി 50 മില്ലിയുടെ 36.15 ലക്ഷം നെയ്യാണ് മലബാര്‍ മില്‍മ നല്‍കിയിട്ടുള്ളത്.
കണ്‍സ്യൂമര്‍ ഫെഡ് കേരളത്തിലുടനീളം സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി മില്‍മ ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ലക്ഷം കിറ്റുകളും വിപണനം നടത്താനായി.
ഓണക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ ഓണ സമ്മാനമായി നാലരക്കോടി രൂപ മില്‍മ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായാണ് ഈ തുക നല്‍കുന്നത്. 2022 സെപ്തംബര്‍ ഒന്നു മുതല്‍ 10 വരെ മലബാര്‍ മേഖലാ യൂണിയന് പാല്‍ നല്‍കുന്ന എല്ലാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 2രൂപ 50 പൈസ വീതം അധിക വിലയായി നല്‍കും.