കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി തൂങ്ങിമരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി രാജൻ ആണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ആശുപത്രിയിലെ പേവാര്‍ഡിലാണ് രോഗി തൂങ്ങിമരിച്ചത്. ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാൻ പുറത്തേക്കു പോയപ്പോഴായിരുന്നു ഇത്.
ഇവർ പുറത്തിറങ്ങിയതിനു പിന്നാലെ വാതിൽ അകത്തുനിന്നു കുറ്റിയിട്ടു. മരുന്നു നൽകാനായി സ്റ്റാഫ് നഴ്സെത്തി മുട്ടിവിളിച്ചിട്ടും തുറന്നില്ല. പിന്നാലെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പിത്തസഞ്ചിയില്‍ കല്ല് ഉണ്ടായതിനെ തുടര്‍ന്നാണ് രാജന് മെഡിക്കല്‍ കോളജില്‍ എത്തി ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. വീണ്ടും വയനാട്ടിലേക്ക് പോവുകയും വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയുമായിരുന്നു. എന്നാല്‍ വീണ്ടും വേദനയുണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വീണ്ടും കല്ലുണ്ടായെന്നും ഇത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് രാജന് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.